Latest News

നാലു വര്‍ഷത്തിനുശേഷം മഅ്ദനിക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നാലു വര്‍ഷത്തിനുശേഷം കുടുംബത്തോടൊപ്പം പെരുന്നാള്‍. ചികിത്സക്കായി ജാമ്യം ലഭിച്ചതോടെ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മഅ്ദനിക്കൊപ്പം ഈ പെരുന്നാളിന് ഭാര്യയും മക്കളുമുണ്ടാകും.

ജാമ്യം ലഭിച്ചതിന്‍െറ പിറ്റേ ദിവസം മഅ്ദനിയുടെ പരിചരണത്തിനായി ഭാര്യ സൂഫിയ ആശുപത്രിയിലത്തെിയിരുന്നു. മക്കളായ സലാഹുദ്ദീന്‍ അയ്യൂബി, ഉമര്‍ മുഖ്താര്‍ എന്നിവരും നോമ്പിന്‍െറ അവസാന ദിനത്തില്‍ ആശുപത്രിയിലത്തെി.

ഇതോടെ വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം പെരുന്നാളാഘോഷിക്കാമെന്ന സന്തോഷത്തിലാണ് മഅ്ദനി. പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയിലോ ഈദ്ഗാഹിലോ പോകാന്‍ മഅ്ദനി ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയാകും നടപടിയെന്ന് ബന്ധുവും പി.ഡി.പി നേതാവുമായ മുഹമ്മദ് റജീബ് അറിയിച്ചു.

2010 ആഗസ്റ്റ് 17ന് നോമ്പിന്‍െറ ആദ്യദിനങ്ങളിലാണ് ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനി അറസ്റ്റിലായത്. ശേഷം വിചാരണത്തടവുകാരനായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ, എട്ട് പെരുന്നാളുകള്‍ കടന്നുപോയി. ഈവര്‍ഷം പരപ്പന ജയിലില്‍ അഞ്ചാം വര്‍ഷവും നോമ്പ് അനുഷ്ഠിച്ചുവരുന്നതിനിടെയാണ് ജൂലൈ14ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം സ്വതന്ത്ര ചികിത്സക്കായി ജാമ്യം ലഭിച്ചത്.

നേരത്തേ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിനിടെ ആ വര്‍ഷങ്ങളിലെ മഅ്ദനിയുടെ നോമ്പും പെരുന്നാളും ജയിലഴികള്‍ക്കുള്ളിലായിരുന്നു.

Keywords: Abdul Naser Madani, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.