Latest News

പതിനഞ്ചുകാരിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറിയ 40കാരി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മംഗല്‍പാടി ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പത്താം തരം വിദ്യാര്‍ത്ഥിനിയായ 15 കാരിയെ ലൈംഗികമായി പീഢിപ്പിക്കുകയും പെണ്‍വാണിഭ സംഘത്തിന് കൈമാറുകയും ചെയ്ത കേസില്‍ ഇടനിലക്കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. 

കര്‍ണ്ണാടക ഷിമോഗ സ്വദേശിനിയായ ജാസ്മിനെ (40)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ജാസ്മിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
കേസിലെ മുഖ്യപ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ സിയാഹുല്ലയെ (38) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മംഗല്‍പാടി ക്വാര്‍ട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ സിയാഹുല്ല പ്രലോഭിപ്പിച്ച് കാസര്‍കോട്ടേയും മംഗലാപുരത്തെയും ലോഡ്ജുകളില്‍ താമസിപ്പിക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും ഇതിനുശേഷം അന്തര്‍സംസ്ഥാന പെണ്‍വാണിഭ മാഫിയാ സംഘങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്നാണ് കേസ്. 

ജാസ്മിന്‍ അടക്കമുള്ള മൂന്ന് പേര്‍ മുഖാന്തിരമാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ എത്തിച്ചത്.
ജാസ്മിന്‍ അറസ്റ്റിലായതോടെ പെണ്‍വാണിഭ സംഘത്തില്‍പെട്ട കൂടുതല്‍പേരെകുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇവരെ പിടികൂടുന്നതിനായി കര്‍ണ്ണാടകയില്‍ പോലീസ് തിരിച്ചില്‍ തുടരുകയാണ്. 

കുറച്ചുനാളായി പെണ്‍കുട്ടി സ്‌ക്കൂളില്‍ പോകാതിരുന്നതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഢന വിവരം പുറത്തുവന്നത്.റിമാന്റില്‍ കഴിയുന്ന സിയാഹുല്ലയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടുന്നതിനായി പോലീസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.