Latest News

പാസ്‌പോര്‍ട്ട് കിട്ടാന്‍ താമസിക്കും; ഷിജുവിന്റെ യാത്ര വൈകും

അബുദാബി : മയക്കുമരുന്ന് കേസില്‍ നിരപരാധിത്വം തെളിയിച്ച് ജയില്‍മോചിതനായെങ്കിലും എറണാകുളം സ്വദേശി ഷിജു തോമസിന്റെ നാട്ടിലേക്കുള്ള യാത്ര ഇനിയും വൈകും. അബുദാബി കോടതിയിലുള്ള പാസ്‌പോര്‍ട്ട് തിരികെ കിട്ടാന്‍ ഏറെ കടമ്പകള്‍ മറികടക്കേണ്ടതിനാലാണിത്. രണ്ടുമാസമെങ്കിലും ഇതിന് വേണ്ടിവരുമെന്നാണ് സൂചന.

ഷിജുവിന് പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ 37 ദിവസം അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞ ഷിജു മാനസികമായി തളര്‍ന്ന നിലയിലാണ്. മറ്റ് കേസുകളെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളില്‍ യു.എ.ഇ. പോലീസ് കൂടുതല്‍ കര്‍ശനമായ നടപടികളാണ് സ്വീകരിക്കാറുള്ളത്. അതുകൊണ്ടുതന്നെ നിരപരാധിത്വം തെളിയിച്ച് കഴിഞ്ഞെങ്കിലും രണ്ട് മാസത്തിലധികം പാസ്‌പോര്‍ട്ട് വിട്ടുകിട്ടാന്‍ എടുത്തേക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പറഞ്ഞു. 

നോര്‍ക്ക വഴിയാണ് ഷിജുവിന്റെ അമ്മയുടെ പരാതി ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ എംബസി ഷിജുവിന്റെ തിരിച്ചുപോക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ടി.പി. സീതാറാം പറഞ്ഞു.

ഈദ് പ്രമാണിച്ച് യു.എ.ഇ.യിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം ഇപ്പോള്‍ അവധിയാണ്. 24-ന് അടച്ച ഓഫീസുകള്‍ ഇനി ആഗസ്ത് രണ്ടിനേ തുറക്കൂ. ഈദ് അവധിയും വാരാന്ത്യ അവധികളുമായി ഒമ്പതുദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.