കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറും തബലിസ്റ്റുമായ കാഞ്ഞങ്ങാട് സൗത്തിലെ ജഗദീഷിനെ പറക്കും തവള വിടാതെ പിന്തുടരുന്നു. ഒരാഴ്ചയോളമായി ജഗദീഷിനെ വിട്ടു പിരിയാതെ പറക്കും തവള ഒപ്പമുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച പുല്ലൂര്‍ മാക്കരംകോട്ട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ സംഘടിപ്പിച്ച കലാപരിപാടിയില്‍ തബല വായിക്കാന്‍ ഓട്ടോയുമായി ഉത്സവ സ്ഥലത്തേക്ക് ജഗദീഷ് പോകുന്നതിനിടെയാണ് അവിചാരിതമായി ജഗദീഷിന്റെ ഓട്ടോയിലേക്ക് പറന്നിറങ്ങിയത്. ജഗദീഷ് ആദ്യം ഇതത്ര കാര്യമാക്കിയിരുന്നില്ല. ഉത്സവം കഴി ഞ്ഞ് പിന്നീട് ഓട്ടോയുമായി വീട്ടില്‍ തിരിച്ചു പോകുമ്പോഴും പറക്കും തവള ചില്ലില്‍ തന്നെ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.
ഇപ്പോള്‍ എല്ലാ ദിവസവും ഈ അപൂര്‍വ്വ തവള ഓട്ടോയില്‍ നിലയുറപ്പിക്കുന്നുണ്ട്. ജഗദീഷ് എങ്ങോട്ട് പോയാലും ഈ തവളയും ഓട്ടോയിലുണ്ടാകും. ആദ്യമൊക്കെ ഇതൊരു ശല്യമായി തോന്നിയെങ്കിലും ജഗദീഷിന് പറക്കും തവളയോട് പിന്നീട് മാനസികമായൊരു അടുപ്പം അനുഭവപ്പെടുകയായിരുന്നു.
സന്തത സഹചാരിയായ പറക്കും തവളയുടെ സംരക്ഷണം കൂടി ജഗദീഷ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേ സമയം രാത്രികാലങ്ങളില്‍ എങ്ങോട്ടോ പറന്നുപോകുന്ന തവള പുലര്‍ കാലത്താണ് ഓട്ടോയില്‍ തിരിച്ചെത്താറുള്ളത്.

