Latest News

പൊലീസിനെ രേഖകള്‍ കാണിക്കാന്‍ റോഡ് മുറിച്ചു കടക്കവെ ഡ്രൈവര്‍ വാഹനമിടിച്ചു മരിച്ചു

കാലടി: ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്ക്കു റോഡ് മുറിച്ചു കടക്കവേ വാന്‍ ഡ്രൈവര്‍ മറ്റൊരു വാഹനമിടിച്ചു മരിച്ചു. ഇടിച്ചിട്ട വാഹനത്തെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല. പെരുമ്പാവൂര്‍ മാവേലിപ്പടി തോട്ടപ്പിള്ളി പത്രോസാണു (ജോണി-51) മരിച്ചത്. വെളളിയാഴ്ച രാവിലെ എംസി റോഡില്‍ മറ്റൂര്‍ ജംക്ഷനിലായിരുന്നു അപകടം.  ഭാര്യ: അയ്മുറി കോനംകുടി ഡെയ്‌സി. മക്കള്‍: മരിയ, റോസ്, അല്‍ഫോന്‍സ.

കൂവപ്പടിയിലെ അച്ചാര്‍ നിര്‍മാണ സ്ഥാപനത്തിലെ ഡ്രൈവറായ പത്രോസ് കോഴിക്കോട്ടേയ്ക്കു ചരക്കുമായി പോവുകയായിരുന്നു. മറ്റൂര്‍ വില്ലേജ് ഓഫിസിനു മുന്നില്‍ വാഹന പരിശോധനയ്ക്കായി ഹൈവേ പൊലീസ് കൈ കാണിച്ചു. വാന്‍ മുന്നോട്ടു നീക്കി ഒതുക്കി നിര്‍ത്തി രേഖകളുമായി പത്രോസ് പൊലീസ് വാഹനത്തിന്റെ സമീപത്തേക്കു വരുമ്പോള്‍ അമിത വേഗതയില്‍ വന്ന ലോറി പത്രോസിനെ ഇടിച്ചു തെറിപ്പിച്ചു.

പത്രോസിനെ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ഇടിച്ചിട്ട ലോറി സംഭവ സ്ഥലത്തു നിന്നു മാറ്റിനിര്‍ത്തിയെങ്കിലും പൊലീസ് ആശുപത്രിയില്‍ നിന്നു തിരിച്ചെത്തിയപ്പോഴേക്കും ലോറിയുമായി ജീവനക്കാര്‍ രക്ഷപ്പെട്ടു. പുരുക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിക്കാനുള്ള തിടുക്കത്തില്‍ ലോറിയുടെ നമ്പര്‍ ശ്രദ്ധിച്ചില്ലെന്നാണു പൊലീസിന്റെ വിശദീകരണം. 

ലോക്കല്‍ പൊലീസിനും വൈകിയാണു വിവരം ലഭിച്ചത്. അപകടമുണ്ടായപ്പോള്‍ പരിസരത്ത് ആളുകളുണ്ടായിരുന്നില്ല. ലോറി നിര്‍ത്തിയിട്ടും അവരെ കണ്ടെത്താന്‍ കഴിയാതിരുന്നതു പൊലീസിന്റ അശ്രദ്ധയാണെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.