Latest News

സൗദിയില്‍ വാഹനാപകടം: മലയാളി അടക്കം മൂന്നു പേര്‍ മരിച്ചു

ജിദ്ദ: പശ്ചിമസൗദിയിലെ മജാരിദക്കും ശംറാനുമിടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു കത്തി മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് പാലക്കല്‍ സ്വദേശി പാറായി കുഴിപ്പറമ്പത്ത് പരേതരായ മൊയ്തീന്‍കുട്ടി ഹാജി - ആയിശ ബീവി ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (49) ആണ് മരിച്ച മലയാളി. മരിച്ച രണ്ടു സൗദി പൗരന്മാരും അബഹ സ്വദേശികളാണെന്നറിയുന്നു.

ഖാദറിന്‍െറ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനും അയല്‍വാസിയുമായ ചോനാരി ഹാരിസിനെ പരിക്കുകളോടെ മജാരിദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്.

ഖുന്‍ഫുദയില്‍ നിന്നു മജാരിദ വരെ മത്സ്യവിതരണം നടത്തിയിരുന്ന ഇരുവരും അല്‍ഫര്‍സിലത്തെി തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാന്‍ ഹൈവേയിലെ വളവില്‍ അമിതവേഗതയില്‍ എതിരെ വന്ന സൗദി പൗരന്മാരുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കത്തിയ വാഹനങ്ങളില്‍ നിന്നു രക്ഷപ്പെടാനാകാതെ വെന്തുമരിക്കുകയായിരുന്നു മൂവരും. വിജനമായ പ്രദേശമായതിനാല്‍ സിവില്‍ ഡിഫന്‍സിന്‍െറയും റെഡ് ക്രസന്‍റിന്‍െറയും സഹായമത്തൊന്‍ സമയമെടുത്തു. ഇരുപതു ശതമാനത്തോളം തീപ്പൊള്ളലേറ്റ ഹാരിസിന്‍െറ കൈകള്‍ക്കു പൊട്ടുണ്ട്.

ഖാദറിന്‍െറ സഹോദരന്‍ അബൂബക്കര്‍ മജാരിദയിലെ ആദ്യകാല പ്രവാസിയാണ്. മറ്റു സഹോദരങ്ങള്‍: പരേതനായ അബ്ദുറഹ്മാന്‍, അബൂബക്കര്‍, അബ്ദുല്ല, ഖദീജ, ആയിശ, ഹലീമു, സഫിയ്യ. ഖാദറിന്‍െറ ഭാര്യ: ബുശ്റ. മക്കള്‍: റാഹില, റാഹിമ, പ്രിന്‍സില, ബുസ്താന ഷെറിന്‍, ജിഷാന ഷെറിന്‍, അല്‍സാബിത്. മരുമകന്‍: അശ്റഫ് കുന്നുംപുറം.

തുറൈബാന്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മജാരിദയില്‍ സംസ്കരിക്കും.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.