Latest News

പാചകവാതകം ചോര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടിത്തം

മംഗളൂരു: പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ തീപ്പിടിത്തം. വീട്ടുപകരണങ്ങളെല്ലാം കത്തിനശിച്ചു. വീട്ടില്‍ ആളില്ലാതിരുന്നത് ദുരന്തം കുറച്ചു. ഉടുപ്പി കിന്നിമുല്‍ക്കിയില്‍ ബുധനാഴ്ച രാവിലെയാണ് അപകടം.

ആന്റണി സുവാരിസിന്റെ ഉടമസ്ഥതയിലുള്ള ഫ്ലറ്റിലാണ് തീപ്പിടിത്തമുണ്ടായത്. സുരേഷ്‌കുമാറും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. തലേന്നുരാത്രി അത്താഴത്തിനു ശേഷം സിലിന്‍ഡര്‍ ഓഫാക്കിവെച്ചിരുന്നതാണെന്ന് ഇവര്‍ പറയുന്നു. 

ബുധനാഴ്ച അതിരാവിലെ പൂജയില്‍ പങ്കെടുക്കാനായി കുടുംബം മുഴുവന്‍ വീടുപൂട്ടി പോയി. ആ സമയം പൂജാമുറിയില്‍ വിളക്കു കത്തിച്ചുവെച്ചിരുന്നു. അടുക്കളയിലെ സിലിന്‍ഡറില്‍നിന്ന് ചോര്‍ന്ന പാചകവാതകം വീടിനുള്ളില്‍ മുഴുവന്‍ പരന്നതോടെ വിളക്കില്‍നിന്നുള്ള തീപിടിച്ച് സ്‌ഫോടനമുണ്ടാവുകയായിരുന്നു.

വാതിലുകള്‍ സ്‌ഫോടനത്തില്‍ തെറിച്ചുപോയി. ജനലുകളും മറ്റ് ഫര്‍ണിച്ചറുകളും കിടപ്പുമുറിയിലെ തുണിത്തരങ്ങളുമെല്ലാം കത്തിനശിച്ചു. ശബ്ദംകേട്ട് അയല്‍വീട്ടുകാര്‍ ഓടിയെത്തി അഗ്നിശമനസേനയെ വിവരമറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. നാലുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Keywords: Manglore, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


Theme images by Bim. Powered by Blogger.