Latest News

ബേവിഞ്ചയിലെ വെടിവെപ്പ്: രണ്ടുപേര്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനുനേരെ നടന്ന വെടിവെപ്പുകേസില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റുചെയ്തു. മൂന്നാം പ്രതി ചേരങ്കൈ കടപ്പുറത്തെ ബി.ഉമ്മര്‍ (50), പത്താം പ്രതി പാലക്കുന്ന് കണ്ണംകുളം നൗഷിഫ് മന്‍സിലിലെ വി. അബൂബക്കര്‍ എന്ന ബക്കര്‍ (45) എന്നിവരെയാണ് ശനിയാഴ്ച രാത്രി കാസര്‍കോട് ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. പി.ഡബ്ല്യു.ഡി. കരാറുകാരന്‍ ബേവിഞ്ചയിലെ എം.ടി.മുഹമ്മദ്കുഞ്ഞിയുടെ വീടിനുനേരെ രണ്ടുതവണ വെടിവെച്ച കേസില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

പുത്തു (റഷീദ്), മനീഷ് രാജ് ഷെട്ടി, അലി (മൂസ) എന്നിവര്‍ക്കൊപ്പം 2010-ല്‍ ഇവര്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്നു. അലിയും മുത്തുവും കള്ളനോട്ടുകേസിലും മനീഷ് ചെമ്മണ്ണൂര്‍ ജ്വല്ലറി കവര്‍ച്ചക്കേസിലുമാണ് ജയിലിലായത്. ജയിലില്‍വെച്ച് ഉമ്മര്‍ നല്കിയ നിര്‍ദേശമനുനുസരിച്ച് അവുക്കറാണ് അലിക്ക് കരാറുകാരന്റെ വീട് കാണിച്ചുകൊടുത്തതെന്ന് പോലീസ് പറഞ്ഞു. അലി മടങ്ങി ഒരുമാസത്തിനുശേഷമായിരുന്നു വീടിനുനേരെ വെടിവെപ്പുണ്ടായത്.

കേസിലെ മുഖ്യപ്രതി സിയക്കായി അന്വേഷണം തുടരുകയാണ്. 2010 ജൂണ്‍ 26-നും 2013 ജൂലായ് 18-നുമാണ് എം.ടി.മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ വെടിവെപ്പുണ്ടായത്. കേസുമായി ബന്ധപ്പെട്ട് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായ പൈവളിഗെ ബായാറിലെ പുത്തുവിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. കാസര്‍കോട് സ്വദേശി ഷഹനാസ് ഹംസ അധോലോകസംഘത്തിന്റെ വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ടുള്ള തെറ്റായ ധാരണകളാണ് കരാറുകാരന്റെ വീടിനുനേരെയുള്ള വെടിവെപ്പിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പുത്തുവും രവി പൂജാരിയും വിദേശത്തുള്ള കലി യോഗേഷും ചേര്‍ന്ന് മുഹമ്മദ് കുഞ്ഞിയോട് 50 കോടി ആവശ്യപ്പെട്ടെന്നും അത് നല്കാത്തതാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉമ്മറെയും അവുക്കറെയും അറസ്റ്റ് ചെയ്തത്. എസ്.ഐ. പി.രത്‌നാകരന്‍, ലക്ഷ്മി നാരായണന്‍, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ്, സിനീഷ് സിറിയക്, സുനില്‍ എബ്രഹാം, ഷാജു, പ്രകാശന്‍, ശ്രീജിത്ത് എന്നിവരാണ് അന്വേഷണം നടത്തിയത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.