Latest News

ലുലുമാളില്‍ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി

കളമശേരി: ഇടപ്പള്ളി ലുലുമാളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം പരിഭ്രാന്തി പരത്തി. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി വന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലുലുമാളിലെ കസ്റ്റമര്‍ കെയര്‍ യൂണിറ്റിലേക്ക് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു ബോംബ് ഭീഷണി മുഴക്കി ആദ്യ ഫോണ്‍ വന്നത്.

സ്ഥാപനത്തിലെ സെക്യൂരിറ്റി വിഭാഗം അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒന്നരയോടെ വീണ്ടും ഫോണ്‍ വന്നു. തങ്ങളുടെ മുന്നറിയിപ്പ് തമാശയായി കാണരുതെന്നായിരുന്നു സന്ദേശം. ബോംബിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ അറിയിച്ചു. ബോംബ് ഭീഷണി അറിഞ്ഞതിനെത്തുടര്‍ന്ന് ജീവനക്കാരും ഉപഭോക്താക്കളും പരിഭ്രാന്തരായി പുറത്തേക്കോടി. ബാഗും സാധനങ്ങളുമെല്ലാം ഉപേക്ഷിച്ചാണ് പലരും പുറത്തുകടന്നത്.

പൊലീസെത്തി മാളില്‍ ശേഷിച്ചിരുന്നവരെയും പുറത്തിറക്കി. മാളിനകവും പാര്‍ക്കുചെയ്തിരുന്ന കാറുകളും പരിശോധിച്ചു. പരിശോധനയ്ക്കിടയില്‍ വീണ്ടും ഫോണ്‍ വന്നു. ഇത് പൊലീസാണ് കൈകാര്യം ചെയ്തത്. പിന്നീട് മാളിലെ തിയറ്ററുകളില്‍ നിന്നും ആളുകളെ പുറത്തിറക്കി പരിശോധിച്ചു. പക്ഷേ ബോംബ് കണ്ടെത്താനായില്ല. രാത്രിയും പരിശോധന തുടരുകയാണ്. മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്നയാളാണ് വിളിച്ചതെന്നു ലുലുമാള്‍ അധികൃതര്‍ അറിയിച്ചു. മാള്‍ ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.