Latest News

കാണാതായ അള്‍ജീരിയന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

അല്‍ജിയേഴ്‌സ്: കാണാതായ അള്‍ജീരിയന്‍ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മാലിയുടേയും ബുര്‍ക്കിന ഫാസോയുടേയും അതിര്‍ത്തിയിലാണ് അള്‍ജീരിയന്‍ യാത്രാവിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയത്. ബുര്‍ക്കിനാ ഫാസോയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മാലിയന്‍പ്രദേശമായ ഗോസിയിലാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ബുര്‍ക്കിനാ ഫാസോ സൈനീകവൃത്തങ്ങള്‍ വ്യക്തമാക്കി.

വടക്കന്‍ മാലിയിലെ മരുഭൂമിയിലാണ് അള്‍ജീരിയന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കര്‍ കെയ്റ്റ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. പ്രദേശവാസികളുടെ സഹായത്തോടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേങ്ങള്‍ കത്തിക്കരിഞ്ഞ് ചിതറിയ നിലയിലായിരുന്നു. വിമാനം തകര്‍ന്നിട്ടുണ്ടാകാമെന്ന അഭ്യൂഹങ്ങളാണ് നേരത്തെ നിലനിന്നിരുന്നത്.

വിമാനം കണ്ടെത്തുന്നതിന് ഏതു തരത്തിലുള്ള സൈനിക നടപടികളും സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സിസി ഒലാദ് പ്രഖ്യാപിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കായി രണ്ട് ഫ്രഞ്ച് യുദ്ധവിമാനങ്ങളും യുഎന്‍ ഹെലികോപ്ട്ടറുകളും വടക്കന്‍ മാലിയില്‍ തെരച്ചില്‍ നടത്തി. ഫ്രഞ്ച് സൈന്യത്തിന്റെ കീഴില്‍ മാലി, അള്‍ജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളും വിമാനത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

സ്പാനിഷ് സ്വകാര്യ കമ്പനിയായ സ്വിഫ്റ്റ് എയറിന്റെ വിമാനം പറക്കുന്നതിനിടെ ശക്തമായ മഴ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

 ബുര്‍ക്കിന ഫാസോയില്‍ നിന്ന് അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലേക്ക് വരികയായിരുന്ന എയര്‍ അള്‍ജീരിയയുടെ എഎച്ച് 5017 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പറന്നുയര്‍ന്ന് അന്‍പതു മിനിറ്റുകള്‍ക്ക് ശേഷം കണ്‍ട്രോള്‍ റൂമുമായി ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു. 110 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 51 പേര്‍ ഫ്രഞ്ച്കാരാണ്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.