Latest News

വിദ്യാര്‍ഥിനിയുടെ ചിത്രം രൂപമാറ്റം വരുത്തി പ്രചരിപ്പിച്ച 5 യുവാക്കള്‍ അറസ്റ്റില്‍

മാന്നാര്‍: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ ചിത്രം രൂപമാറ്റത്തോടെ മൊബൈല്‍ ഫോണ്‍വഴി പ്രചരിപ്പിച്ച അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കേസ്സില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും ഇവര്‍ തട്ടിയെടുത്തുവെന്നും പോലീസ് പറഞ്ഞു.

മാന്നാര്‍ കുരട്ടിക്കാട് അല്‍ മദീനയില്‍ മുഹമ്മദ് സാലി(19), കുരട്ടിക്കാട് തെക്കേവിളയില്‍ ഗോകുല്‍രാജ്(20), പാവുക്കര കൊച്ചുവീട്ടില്‍ രഞ്ജു എന്ന് വിളിക്കുന്ന അന്‍വര്‍(19), കടപ്ര മാന്നാര്‍ വെങ്ങാഴിയില്‍ വടക്കേതില്‍ മോഹിത് വി.തോമസ്(20), കുരട്ടിക്കാട് പവിത്രം മാഞ്ഞുവിളയില്‍ ഗോകുല്‍മോഹന്‍(19) എന്നിവരെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മുഹമ്മദ് സാലി ബി.സി.എ.വിദ്യാര്‍ഥിയും ഗോകുല്‍രാജ് പോളിടെക്‌നിക് വിദ്യാര്‍ഥിയും അന്‍വര്‍ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥിയും മോഹിത് വി.തോമസ് ബികോം വിദ്യാര്‍ഥിയും ഗോകുല്‍ മോഹന്‍ ബി.ടെക് വിദ്യാര്‍ഥിയുമാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:- പെണ്‍കുട്ടിയും പ്രതികളായ വിദ്യാര്‍ഥികളും പ്ലസ്ടു വരെ ഒരേസ്‌കൂളില്‍ പഠിച്ചവരാണ്. ഈ കാലയളവില്‍ മുഹമ്മദ് സാലിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായി. സ്‌കൂള്‍ വാര്‍ഷികദിനത്തില്‍ മുഹമ്മദ് സാലി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ എടുത്തിരുന്നു. കൂട്ടുകാരായ ഗോകുല്‍രാജ്, അഫ്‌സല്‍, മുഹാസ് സച്ചിന്‍ എന്നിവരുമായി ചേര്‍ന്ന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രത്തിന് രൂപമാറ്റം വരുത്തി. ഇത് പെണ്‍കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി നാലുപവന്‍ വരുന്ന സ്വര്‍ണം തട്ടിയെടുത്തു.

തുടര്‍ന്ന് വാട്‌സ് ആപ്പിലൂടെ ചിത്രങ്ങള്‍ മറ്റുപ്രതികള്‍ക്ക് അയച്ചുകൊടുത്തു. ചിത്രങ്ങള്‍ കിട്ടിയവര്‍ പലര്‍ക്കായി അയച്ചു. പെണ്‍കുട്ടിയുടെ അമ്മയ്ക്കും ചിത്രംകിട്ടി. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കെ.ബാലചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ബി.പ്രസന്നന്‍ നായരുടെ നേതൃത്വത്തിലായിരുന്നു കേസ്സന്വേഷണം. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജഹാന്‍ മാന്നാര്‍ സി.ഐ. ആര്‍.ബിനു, എസ്.ഐ. എസ്.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു.

മറ്റുചില പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. അഫ്‌സല്‍, മുഹാസ്, സച്ചില്‍ എന്നിവരെ പിടികൂടാനുണ്ട്. ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തിട്ടുള്ളവരെയെല്ലാം പ്രതിചേര്‍ക്കുമെന്ന് സി.ഐ. ആര്‍.ബിനു പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.