Latest News

ആത്മഹത്യ ചെയ്ത ഷീബയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു; അന്വേഷണം തുടങ്ങി

ബേക്കല്‍: പിഗ്മി കളക്ഷന്‍ ഏജന്റായിരുന്ന പള്ളിക്കര കുറിച്ചിക്കുന്ന് കോളനിയിലെ കെ ഷീബ (32) ആത്മഹത്യ ചെയ്ത സംഭവം വഴിത്തിരിവിലെത്തി നില്‍ക്കെ പുരുഷ സ്വയം സഹായസംഘത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തിരിമറി നടത്തിയെന്ന പരാതിയില്‍ ഷീബയുടെ ഭര്‍ത്താവ് രാജകൃഷ്ണന്‍ എന്ന രാജേഷിനെതിരെ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

കുറിച്ചിക്കുന്നിലെ അംബേദ്കര്‍ പുരുഷ സ്വയം സഹായസംഘത്തിന്റെ പണം തിരിമറി നടത്തിയെന്ന സംഘം പ്രസിഡണ്ട് കെ ടി രാമന്റെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയുടെ നിര്‍ദ്ദേശ പ്രകാരം രാജകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്.
പണം തിരിമറി നടത്തിയതു സംബന്ധിച്ച് രാജകൃഷ്ണനെതിരെ പോലീസ് അന്വേഷണവും ആരംഭിച്ചു. അംബേദ്കര്‍ പുരുഷ സ്വയം സഹായ സംഘത്തിന്റെ ട്രഷററായിരുന്ന രാജകൃഷ്ണന്‍ സംഘത്തിന്റെ പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും 30000 രൂപ പ്രസിഡണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തുവെന്നാണ് കേസ്.
2014 ജൂണ്‍ 13 നാണ് രാജകൃഷ്ണന്റെ ഭാര്യയും പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കളക്ഷന്‍ ഏജന്റുമായ ഷീബയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഷീബയുടെ മൃതദേഹത്തിന് സമീപം കാണപ്പെട്ട ബാഗ് പോലീസ് പരിശോധിച്ചപ്പോള്‍ ആത്മഹത്യ കുറിപ്പിനോടൊപ്പം തന്നെ അംബേദ്കര്‍ പുരുഷ സ്വയം സഹായസംഘത്തിന്റെ ബ്ലാങ്ക് ചെക്കും ലഭിച്ചിരുന്നു. 

ഇതോടെ സംശയം തോന്നിയ സംഘത്തിന്റെ പ്രസിഡണ്ട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 30000 രൂപയുടെ തിരിമറി വ്യക്തമായത്. ഇതേതുടര്‍ന്ന് രാജകൃഷ്ണനെതിരെ പ്രസിഡണ്ട് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.