Latest News

6വയസ്സുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ ചെയര്‍മാന് ജാമ്യം

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്‌കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂള്‍ ചെയര്‍മാന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം ദാമനില്‍ വച്ച് അറസ്റ്റിലായ മാരത്തഹള്ളി വിബ്‌ജ്യോര്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ റുസ്തം കെര്‍വാലയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

സ്‌കൂളില്‍ കുട്ടി പീഡനത്തിനിരയായ സംഭവം മറച്ചു വെച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ചെയര്‍മാനെ അറസ്റ്റ് ചെയ്തത്. ജുവൈനല്‍ ജസ്റ്റിസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം, കൂട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്.

കുട്ടിയെ പീഡിപ്പിച്ച സ്‌കൂളിലെ സ്‌കേറ്റിങ് ഇന്‍സ്ട്രക്ടറായിരുന്ന ബിഹാര്‍ സ്വദേശി മുസ്തഫ എന്ന മുന്നയെ (30) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരമാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെയും പോലീസ് കേസെടുത്തിരുന്നു. കുട്ടി ജൂലായ് രണ്ടിന് പീഡനത്തിന് ഇരയായെങ്കിലും പതിനാലിനാണ് പോലീസില്‍ പരാതി നല്‍കിയത്. രക്ഷിതാക്കളും വിവിധ സംഘടനകളും ശക്തമായ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റിന് തയ്യാറായത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

Keywords: Banglore, Rape, Case, Court, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.