Latest News

മംഗള എക്‌സ്പ്രസ്സില്‍ നീലേശ്വരത്തെ കുടുംബത്തെ മയക്കുമരുന്ന് നല്‍കി കൊള്ളയടിച്ചു

മുംബൈ: ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന മലയാളികുടുംബത്തെ അജ്ഞാതരായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൊള്ളയടിച്ചു. സൗഹൃദം കൂടി ചായയില്‍ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു കൊള്ള. 

നീലേശ്വരത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്‍ (59), ഭാര്യ ജയശ്രീ (52), ഇവരുടെ മകന്റെ ഭാര്യയുടെ അമ്മ ഗാസിയാബാദ് ഇന്ദിരാപുരം നിവാസിയായ ലില്ലി (50) എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. ഇവര്‍ അണിഞ്ഞിരുന്ന സ്വര്‍ണമാലയും വളയും മറ്റും മുറിച്ചെടുത്തു. രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍, 15 പവന്റെ ആഭരണങ്ങള്‍, 22,000 രൂപ എന്നിവ നഷ്ടമായി. 

അബോധാവസ്ഥയിലായ മൂന്നുപേരെയും ചിപ്ലുണിലെ ലൈഫ് കെയര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബാലകൃഷ്ണനും ജയശ്രീക്കും ഞായറാഴ്ച വൈകിട്ടും ബോധം തിരിച്ചുകിട്ടിയിട്ടില്ല. മയക്കുമരുന്ന് കലര്‍ന്ന ചായ അല്പംമാത്രം കുടിച്ച ലില്ലി ബോധം തിരിച്ചു കിട്ടിയപ്പോഴാണ് സംഭവം വിശദീകരിച്ചത്. ഇവര്‍ക്ക് കടുത്ത തലവേദനയും ശാരീരികക്ഷീണവുമുണ്ട്.
ശനിയാഴ്ച നിസാമുദ്ദീനില്‍നിന്ന് പുറപ്പെട്ട മംഗള എക്‌സ്​പ്രസ്സിലെ എസ്-10 ബോഗിയിലെ 50, 51, 53 സീറ്റുകളിലായിരുന്നു ഇവര്‍ യാത്രചെയ്തത്. ഫരീദാബാദ് കഴിഞ്ഞപ്പോഴാണ് 22-ഉം 25-ഉം വയസ്സ് തോന്നിക്കുന്ന യുവാക്കള്‍ ഇവരുടെ തൊട്ടടുത്ത സീറ്റുകളില്‍ എത്തിയത്. പിന്നീട് ഇവര്‍ മലയാളി കുടുംബവുമായി സൗഹൃദത്തിലുമായി.
''അവരെ സംശയിക്കത്തക്കതായി ഒന്നും തോന്നിയിരുന്നില്ല. അവര്‍ വണ്ടിയില്‍ കയറുമ്പോള്‍ ഞങ്ങള്‍ അവരുടെ സീറ്റുകളിലായിരുന്നു ഇരുന്നത്. അവിടെത്തന്നെ ഇരുന്നുകൊള്ളാന്‍ യുവാക്കള്‍ പറയുകയും ചെയ്തു. നല്ല സൗഹൃദത്തോടെയായിരുന്നു അവരുടെ പെരുമാറ്റം. കാലത്താണ് നേരം പുലര്‍ന്നെന്നുപറഞ്ഞ് അവര്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും ഓരോ കപ്പ് ചായ തന്നത്. പിന്നീട് ഉറങ്ങിപ്പോയി. ഒന്നുമറിഞ്ഞില്ല.''- ലില്ലി പറഞ്ഞു.
സഹയാത്രികരാണ് ബോധമില്ലാതെ കിടക്കുന്ന ഇവരെക്കുറിച്ച് ടിക്കറ്റ് പരിശോധകനെ അറിയിച്ചത്. അദ്ദേഹം ചിപ്ലുണ്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് റെയില്‍വേ അധികാരികള്‍ മൂവരെയും ആസ്​പത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. 

പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് കൊങ്കണ്‍ മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ കെ.എസ്. വത്സന്‍, ജോര്‍ജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി വേണ്ട സഹായങ്ങള്‍ ചെയ്തു. ആരുടെയും നില അപകടാവസ്ഥയിലല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി വത്സന്‍ പറഞ്ഞു.
നീലേശ്വരം വലിയത്തറ സ്വദേശിയായ ബാലകൃഷ്ണനും ഭാര്യയും ഡല്‍ഹിയില്‍ പോയി മടങ്ങുകയായിരുന്നു. ലില്ലി തൃശ്ശൂരിലുള്ള തന്റെ പേരക്കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ ഇവരോടൊപ്പം തിരിച്ചതായിരുന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.