കോഴിക്കോട്: കൂട്ടുകൂടാന്‍ ഒരുപാടുപേരുണ്ടായിട്ടും ഇവരെന്തിനാണ് വിങ്ങിപ്പൊട്ടുന്നത്? ജീവിതം അഴികള്‍ക്കുള്ളിലാണെങ്കിലും ഇവിടെയത്തെിയാല്‍ കുട്ടികള്‍ അയ്യോ, അമ്മേ എന്നൊന്നും വിളിച്ച് കരയാറില്ല. സമപ്രായക്കാരെ കൂട്ടിനു കിട്ടിയ സന്തോഷത്തില്‍ അവരിങ്ങനെ മതിമറന്നു നടക്കും. പിന്നെയിവിടെ നോവും നൊമ്പരവുമൊന്നുമില്ല. കുട്ടികളുടെ ജയിലാണിതെങ്കിലും ഒരുപക്ഷേ പുറംലോകത്തെ കുട്ടികളെക്കാള്‍ സുരക്ഷിതരാണിവരെന്ന് നമുക്ക് തോന്നിപ്പോവും.
വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ അവസ്ഥയാണിത്. എന്നാല്‍, ഇവരുടെ കൂട്ടത്തില്‍ മൂന്ന് കുട്ടികള്‍ മൗനത്തിന്‍െറ നിലവിളിയുമായി കഴിയുന്നു. രണ്ടു പേര്‍ക്ക് അവരുടെ സങ്കടമെന്താണെന്ന് മറ്റുള്ളവരോട് പറയാന്‍ കഴിയില്ല. നമ്മള്‍ പറയുന്നതു കേള്‍ക്കാനുള്ള ശേഷിയും അവര്‍ക്കില്ല. മറ്റൊരുകുട്ടി പേരു മാത്രം പറയും. മറ്റെന്തു ചോദിച്ചാലും അറിയില്ല എന്നുമാത്രം പറയും. പിന്നെയും ചോദിച്ചാല്‍ അവന്‍െറ കണ്ണുകള്‍ നിറയാന്‍ തുടങ്ങും. മുഖം വല്ലാതെയാവും.
നാരായണ്‍ എന്നാണ് ഇതില്‍ ഒരുകുട്ടിയുടെ പേരെന്ന് അധികൃതര്‍ ഏതാണ്ട് മനസ്സിലാക്കി വെച്ചിരിക്കുന്നു. അന്ധനും ബധിരനുമായതിനാല്‍ ഇവനോട് ആശയവിനിമയത്തിന് പറ്റുന്നില്ല. 10 വയസ്സ് തോന്നിക്കും. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് പൊലീസ് കണ്ടത്തെിയതാണ്. ചൈല്‍ഡ് ലൈന്‍ വഴിയാണ് ചില്‍ഡ്രന്‍സ് ഹോമിലത്തെിച്ചത്. മലയാളിയല്ല. ഹിന്ദിയില്‍ പേരും അച്ഛന്‍െറ പേരും എഴുതി. എന്നാല്‍ എവിടെനിന്ന്, എങ്ങനെ, എപ്പോള്‍ വന്നുവെന്നൊന്നും അവന് എഴുതാന്‍ പറ്റുന്നില്ല. ശാസ്ത്രീയ പരിശോധനക്കു വേണ്ടി മെഡിക്കല്‍ കോളജ് റഹ്മാനിയ സ്പെഷല്‍ സ്കൂളില്‍ കൊണ്ടുപോയിരുന്നു. അവിടെ ക്ളാസ് മുറിയിലിരുന്നപ്പോള്‍ നാരായണ്‍ ഒന്നു ചിരിച്ചു. അധ്യാപകര്‍ കാണിച്ച ചിത്രങ്ങളും രൂപങ്ങളുമൊക്കെ അവന്‍ മനസ്സിലാക്കി. എന്നാല്‍, ഇവന് സൈന്‍ ലാംഗ്വേജ് അറിയില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.
ക്ളാസില്‍നിന്ന് തിരിച്ചു കൊണ്ടുപോരാന്‍ ശ്രമിച്ചപ്പോള്‍ പക്ഷേ, അവന് സങ്കടമായി. നല്ല അവസ്ഥയിലുള്ള കുടുംബത്തില്‍നിന്ന് വന്നകുട്ടിയുടെ ലക്ഷണങ്ങളാണിവന്‍ കാണിക്കുന്നതെന്ന് ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ പറയുന്നു. ഒരു പക്ഷേ, ഇവനെ ബന്ധുക്കള്‍ എവിടെയോ തേടുന്നുണ്ടാവാം.
15 വയസ്സ് തോന്നിക്കുന്ന മറ്റൊരു കുട്ടി ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ് ഗുരുതര പരിക്കുകളോടെ പൊലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചതായിരുന്നു. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് മുറിവുകള്‍ ഉണങ്ങും മുമ്പെയാണ് ഇവനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. മൂകനും ബധിരനുമായതിനാല്‍ ഒന്നും പറയാന്‍ കുട്ടിക്ക് കഴിയുന്നില്ല. കൂട്ടുകാര്‍ ഓരോ കളിയിലേര്‍പ്പെട്ടിരിക്കുമ്പോള്‍ വേദനയും സങ്കടവുമായി അവര്‍ക്ക് നടുവില്‍ അവനെപ്പോഴും നിലത്ത് കിടക്കുകയാണ്. നാലു ദിവസം മുമ്പാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അവനെ ഇവിടെയത്തെിച്ചത്. ഇവനെയും ആരെങ്കിലും എവിടെയെങ്കിലും തിരയുന്നുണ്ടോ എന്ന് ആര്‍ക്കുമറിയില്ല.
പേര് അമീര്‍ഖാന്‍ എന്നു മാത്രം പറയുന്ന മറ്റൊരു ബാലന് ഹിന്ദിയും മലയാളവുമറിയാം. വേറെയെന്ത് ചോദിച്ചാലും അറിയില്ളെന്ന് തലയാട്ടും.നാടെവിടെയാണെന്ന് ചോദിച്ചാല്‍ മുസ്ലിം എന്ന് മാത്രം പറയും. കൂടുതല്‍ ചോദിക്കുമ്പോഴേക്കും അവന്‍ കരയാന്‍ തുടങ്ങും. ഈ കൊച്ച് ഹൃദയം എന്തോര്‍ത്താവാം തേങ്ങുന്നതെന്ന് ആര്‍ക്കറിയാം?
ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9446340502 ഫോണില്‍ ബന്ധപ്പെടണം.
ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9446340502 ഫോണില്‍ ബന്ധപ്പെടണം.
Keywords: Calicut, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
