Latest News

വൈദ്യുതാഘാതമേറ്റ് മൂന്ന് യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: (www.malabarflash.com)അയിരൂരിലും ഇലവുംതിട്ടയിലുമായി ഒരേ സമയം മൂന്നു യുവാക്കള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിക്കു സമീപത്തെ വീട്ടില്‍ പത്തനംതിട്ട കുമ്പഴ സ്വദേശികളും അയല്‍വാസികളുമായ മുട്ടിത്തറ അഖില്‍ എം. ദിനേശും (22), ചരിവുകാലായില്‍ എസ്. സന്ദീപും (33) ആണ് മരിച്ചത്. ഇലവുംതിട്ട മൂലൂര്‍ ജംക്ഷനു സമീപത്തെ വീട്ടില്‍ ചരുവില്‍ പുത്തന്‍വീട്ടില്‍ സന്തോഷ്‌കുമാര്‍ (38) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ടിടത്തും അപകടമുണ്ടായത്. അയിരൂരില്‍ അപകടമുണ്ടായ വീട്ടില്‍ 15 വര്‍ഷമായി ആള്‍ത്താമസമില്ല. പത്തനംതിട്ട സ്വദേശിയാണ് ഉടമ. വരാന്തയിലെ കൈവരി ഘടിപ്പിക്കുകയായിരുന്നു അഖിലും സന്ദീപും. ഉച്ചയോടെ പണി പൂര്‍ത്തിയാക്കി ഇരുവരും പോകാന്‍ തയാറെടുക്കുകയായിരുന്നു. മുകളിലത്തെ നിലയില്‍ പെയിന്റ് അടിക്കുകയായിരുന്ന സുഹൃത്ത് വിനീത് ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോകാന്‍ താഴെ വന്നു നോക്കിയപ്പോള്‍ രണ്ടുപേരും വീണു കിടക്കുന്നതാണു കണ്ടത്.

അയല്‍വാസികളുടെ സഹായത്തോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായ സൂചനയില്ല. ഇവര്‍ പണി നടത്തിക്കൊണ്ടിരുന്നതിന്റെ മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. അപകടം നടന്ന വീടിന്റെ മുറ്റത്ത് പണിക്കു വേണ്ടി കൊണ്ടു വന്ന ഒരുകമ്പി കിടപ്പുണ്ട്. മറിഞ്ഞ നിലയില്‍ ഒരു ഡെസ്‌കും മുറ്റത്തു കണ്ടു.

മുറ്റത്തു കിടന്ന കമ്പി എന്തെങ്കിലും ആവശ്യത്തിന് എടുത്തുയര്‍ത്തിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടിയിരിക്കാനാണ് സാധ്യതയെന്നു സമീപവാസികള്‍ പറഞ്ഞു. ഇതേ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച കിണര്‍ വൃത്തിയാക്കാനെത്തിയ കോന്നി ഇളകൊള്ളൂര്‍ പാറയ്ക്കല്‍ ശിവകുമാര്‍ (ഉണ്ണി-35) കിണറ്റില്‍ വീണു മരിച്ചിരുന്നു. അഖിലിന്റെ അച്ഛന്‍: ദിനേശന്‍, അമ്മ: ലീലാമണി. സഹോദരി: ഐശ്വര്യ റാണി. സന്ദീപന്റെ ഭാര്യ: മഞ്ജു.

ഇലവുംതിട്ടയില്‍ നിര്‍മാണം പൂര്‍ത്തിയാകാറായ വീടിന്റെ വരാന്തയില്‍ കമ്പി അഴികള്‍ പിടിപ്പിക്കുന്നതിനിടെ മരിച്ച സന്തോഷ് കുമാര്‍ വര്‍ക്‌ഷോപ് ജീവനക്കാരനാണ്. അഴികളില്‍ പിടിച്ചു വെളിയില്‍ നിന്ന ഗിരീഷ്, ഷിനു എന്നിവര്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു. അകത്തു പിടിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു സന്തോഷ്‌കുമാര്‍. വീട്ടുടമ ഉടന്‍ തന്നെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചെങ്കിലും സന്തോഷിനെ രക്ഷിക്കാനായില്ല. രഞ്ജുവാണു സന്തോഷിന്റെ ഭാര്യ. മക്കള്‍: സാന്ത്വന, സന്ദീപ്.

Keywords: Pathanathitta, Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.