Latest News

ചാറ്റിംഗ് വഴി പ്രണയത്തിലായ കാമുകനെ തേടി ഡെറാഡൂണ്‍ പെണ്‍കുട്ടി തലശേരിയില്‍

തലശേരി: ചാറ്റിംഗ് വഴി പ്രണയത്തിലായ കാമുകനെ തേടി ഡെറാഡൂണില്‍ നിന്നു കേരളത്തിലെത്തിയ ഇരുപതുകാരിയെ തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു കോടതി നിര്‍ദേശപ്രകാരം മഹിളാമന്ദിരത്തിലാക്കി. പെണ്‍കുട്ടി ചാറ്റിംഗ് വഴി പരിചയപ്പെട്ട യുവാവിനെ ഉടന്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന് തലശേരി പോലീസിനു നിര്‍ദേശം നല്കി. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.

മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവിനെ തേടിയാണു പെണ്‍കുട്ടി എത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട്ടേക്കു തിരിച്ച പെണ്‍കുട്ടി സ്റ്റേഷന്‍ മാറി തലശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ ട്രെയിനില്‍ വച്ച് കതിരൂര്‍ സ്വദേശിയായ ഒരു ഗായകനെ പരിചയപ്പെടുകയും ചെയ്തു. ട്രെയിന്‍ തലശേരിയില്‍ എത്തിയപ്പോള്‍ ഗായകന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി ചോദിച്ചു കോഴിക്കോട് എത്തിയോയെന്ന്. കോഴിക്കോട് കഴിഞ്ഞെന്നും ഇതു തലശേരിയാണെന്നും ഗായകന്‍ പറഞ്ഞപ്പോള്‍ ഇയാളുടെ കൂടെ തലശേരിയില്‍ ഇറങ്ങുകയായിരുന്നു. തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഗായകന്‍ തന്റെ സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. അവര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി പെണ്‍കുട്ടിയുമായി സംസാരിച്ചു നിന്നപ്പോഴാണ് പെണ്‍കുട്ടിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോഴാണു കാമുകനെ തേടിയാണ് എത്തിയതെന്നു പെണ്‍കുട്ടി പറഞ്ഞത്. രണ്ടാം തവണയാണു ഈ പെണ്‍കുട്ടി കാമുകനെ തേടി കേരളത്തിലെത്തുന്നത്.

ഒരുവര്‍ഷം മുമ്പ് കാമുകനെ തേടി പെണ്‍കുട്ടി മഞ്ചേരിയില്‍ എത്തിയിരുന്നു. അന്നു മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലായ പെണ്‍കുട്ടിയെ സഹോദരനെത്തി കൂട്ടിക്കൊണ്ടുപോയി. തലശേരി പോലീസ് പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചിട്ടുണ്ട് എന്നാല്‍ സഹോദരനോടൊപ്പം പോകില്ലെന്ന നിലപാടിലാണു പെണ്‍കുട്ടി.


Keywords:Thalassery, Chating, Love, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.